ഭൂമിയുടെ ഉടമസ്ഥാവകാശം ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികൾ ഉടൻ തുടങ്ങും. എല്ലാ ഭൂ ഉടമകൾക്കും ആധാർ അധിഷ്ഠിത ഒറ്റ തണ്ടപ്പേർ (യുണീക്) നടപ്പാക്കുന്നതിൻറെ ഭാഗമായാണ് നടപടി. ഒരാളിന്റെ ഉടമസ്ഥതയിലുള്ള ഓരോ ഭൂമിക്കും വ്യത്യസ്ത തണ്ടപ്പേർ എന്ന നിലവിലെ സംവിധാനം മാറും. ഒരു ഭൂ ഉടമയ്ക്ക് ഒരു തണ്ടപ്പേർ മാത്രമാകുകയും അയാളുടെ എല്ലാ ഭൂമിയും ഈ തണ്ടപ്പേരിനുകീഴിൽ വരുകയും ചെയ്യും. 12 അക്കമുള്ളതാണ് പുതിയ തണ്ടപ്പേർ.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ച രീതിയിലാകും പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. റവന്യൂവകുപ്പിന്റെ ‘റെലിസ്’ (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) സോഫ്റ്റ്വേറുമായി ഭൂ ഉടമയുടെ ആധാർ നമ്പർ ബന്ധിപ്പിക്കാനാണ് പരിപാടി. 30,000 മുതൽ 60,000 വരെ തണ്ടപ്പേരുകളുള്ള വില്ലേജ് ഓഫീസുകൾ കേരളത്തിലുണ്ട്. സംസ്ഥാനത്താകെ നിലവിൽ രണ്ടുകോടിയിലേറെ തണ്ടപ്പേരാണ് ഉള്ളത്. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഉൾപ്പെടും. ആധാറുമായി ബന്ധിപ്പിച്ചുകഴിയുമ്പോൾ ഇത് ഒരു കോടിയിൽ താഴെയെത്തുമെന്നാണ് കണക്കാക്കുന്നത്.
വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഭൂമി വാങ്ങുന്ന രീതി ഇതോടെ അവസാനിക്കും. ഒരാൾക്ക് എത്രയിടങ്ങളിൽ ഭൂമിയുണ്ടെങ്കിലും ഇനി ഒരു കരമടച്ച രസീത് മാത്രമേ ഉണ്ടാകൂ. ഒരാൾക്ക് കേരളത്തിൽ എത്ര ഭൂമിയുണ്ടെന്ന് ഒറ്റ ക്ലിക്കിൽ കണ്ടെത്താനും കഴിയും. പദ്ധതിയുടെ ഉദ്ഘാടനം 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ കൽപ്പറ്റയിൽ നിർവഹിക്കും. ലാൻഡ് റവന്യൂ കമ്മിഷണറുടെ മേൽനോട്ടത്തിൽ ട്രയൽ റൺ പൂർത്തിയായി.
പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ , ഒരു ആധാർ നമ്പർ പോർട്ടലിൽ നൽകിയാൽ ആളുടെ പേരിലുള്ള ഭൂമിയുടെ പൂർണ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും
പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ
- ബിനാമി ഭൂമി ഇടപാടുകൾ കണ്ടെത്താനും ഭൂമി തട്ടിപ്പുകൾ തടയാനും കഴിയും.
- ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താതെ അനർഹമായി ആനുകൂല്യങ്ങൾ നേടുന്നത് തടയാം.
- എളുപ്പത്തിൽ മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്ക് നൽകാനാകും.
- ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം ലഭിക്കും.
- ഭൂരേഖകളിൽ കൂടുതൽ കൃത്യതവരും.